കാസർകോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആർഎസ്എസ് ഒരു ഭാഗത്ത് പറയുന്ന കാര്യങ്ങളുടെ മറുഭാഗമാണ് മുസ്ലിം ലീഗ് പറയുന്നതെന്നും, ലീഗിന്റെ രാഷ്ട്രീയം കേരളത്തിൽ വർഗീയത വളർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ചാണ് ലീഗ് നിലകൊള്ളുന്നതെന്നും, ജാതീയവും വർഗീയവുമായ ധ്രുവീകരണത്തിലൂടെ വോട്ടുപിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഞായറാഴ്ച കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർകോട്, മലപ്പുറം ജില്ലകളിലെ നഗരസഭാ ഫലങ്ങൾ പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് നഗരസഭയിലെ ഫലം ഇതിന് തെളിവാണ്. ഏത് സമുദായത്തിന് ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ നിന്നുള്ളവർ മാത്രം ജയിക്കുന്ന സാഹചര്യം ജനാധിപത്യത്തിന് നല്ലതല്ലെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ ഏകോപനത്തിന് വേണ്ടി ലീഗ് നിലകൊള്ളുന്നത് മതനിരപേക്ഷ നിലപാടുകളിൽ നിന്നുള്ള വ്യതിയാനമാണെന്നും, നാല് വോട്ടിന് വേണ്ടി നിലപാട് പണയം വെക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ ഈ പരാമർശം ഇതിനോടകം തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.



