കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഒരു ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നുവീണതിനെത്തുടർന്ന് കുടുങ്ങിക്കിടക്കുന്നവർക്കായി അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
24 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. 1,200ലധികം കടകൾ പ്രവർത്തിക്കുന്ന മാളിൽ മതിയായ വായുസഞ്ചാരമില്ലാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയും കെട്ടിടത്തിനുള്ളിൽ പുക നിറയാൻ കാരണമാവുകയും ചെയ്തു. അപകടസമയത്ത് മാളിലുണ്ടായിരുന്ന പലരെയും പുക ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാണാതായ 65-ലധികം പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.



