ന്യൂയോർക്ക്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ‘പറക്കും വൈറ്റ് ഹൗസ്’ എന്നറിയപ്പെടുന്ന എയർഫോഴ്സ് വൺ പറന്നുയർന്ന് ഏകദേശം അരമണിക്കൂറിന് ശേഷമാണ് വൈദ്യുത തകരാർ ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്ന് വാഷിംഗ്ടൺ ഡിസിക്ക് സമീപമുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിലേക്ക് വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. ക്യാബിനുള്ളിലെ ലൈറ്റുകൾ അണഞ്ഞുപോയതാണ് തകരാറിലേക്ക് വിരൽ ചൂണ്ടിയതെന്ന് വിമാനത്തിലുണ്ടായിരുന്ന റിപ്പോർട്ടർമാർ അറിയിച്ചു.
പ്രസിഡന്റിന്റെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും അത്യാധുനികവുമായ വിമാനങ്ങളിലൊന്നായ എയർഫോഴ്സ് വണ്ണിനുണ്ടായ ഈ തകരാർ വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. എന്നാൽ യാത്ര മുടക്കില്ലെന്നും ട്രംപും സംഘവും മറ്റൊരു വിമാനത്തിൽ ദാവോസിലേക്ക് യാത്ര തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഗ്ലോബൽ ലീഡർമാരും ബിസിനസ് പ്രമുഖരും പങ്കെടുക്കുന്ന ദാവോസ് ഉച്ചകോടിയിൽ ഗ്രീൻലാൻഡ് വിഷയത്തിലും നാറ്റോ സഖ്യകക്ഷികളുമായുള്ള തർക്കങ്ങളിലും ട്രംപ് തന്റെ നിലപാടുകൾ വ്യക്തമാക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത സംഭവം.



