തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നുവെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2016-ൽ ദേവസ്വം മന്ത്രിയായ കാലം മുതൽ പോറ്റിയെ അറിയാമെന്നും ശബരിമലയിലെ പ്രധാന ‘സ്പോൺസർ’ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ പോറ്റിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ പോയിട്ടുണ്ടെന്ന കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും, പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ ഇരയാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി. സ്വർണ്ണപ്പാളികൾ മാറ്റുന്നത് സംബന്ധിച്ച തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേതായിരുന്നുവെന്നും മന്ത്രാലയത്തിന് ഇതിൽ അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു. പോറ്റിക്കൊപ്പം വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മുൻ മന്ത്രിയുടെ മൊഴി നിർണ്ണായകമാകുന്നത്. താൻ പോറ്റിയെ സഹായിച്ചിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.



