തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ പോലീസ് പിടിയിലായി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കമലേശ്വരം സ്വദേശികളായ എസ്.എൽ. സജിത (54), മകൾ ഗ്രീമ (30) എന്നിവരെ ബുധനാഴ്ച വൈകുന്നേരമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുവർഷമായി തുടരുന്ന ഗാർഹിക പീഡനവും അവഗണനയുമാണ് തങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും വാട്സാപ്പ് സന്ദേശവും അയച്ച ശേഷമാണ് ഇരുവരും ജീവനൊടുക്കിയത്.
വിവാഹം കഴിഞ്ഞ് വെറും 25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചുവെന്നും, പിന്നീട് നിരന്തരമായ അപമാനത്തിനും മാനസിക പീഡനത്തിനും ഇരയാക്കിയെന്നും സജിതയുടെ കുറിപ്പിൽ ആരോപിക്കുന്നു. സയനൈഡ് എങ്ങനെയാണ് ഇവർക്ക് ലഭിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൂന്തുറ പോലീസിന്റെ ലുക്കൗട്ട് നോട്ടീസിനെത്തുടർന്നാണ് മുംബൈയിൽ വെച്ച് ഉണ്ണികൃഷ്ണനെ പിടികൂടാൻ സാധിച്ചത്. ഇയാളെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് അറിയിച്ചു. സജിതയുടെ ഭർത്താവ് രാജീവ് ഒരു മാസം മുൻപാണ് മരിച്ചത്.



