റിയാദ് ദവാദ്മിയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽപ്പെട്ട ദവാദ്മിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് ഇന്ത്യൻ പ്രവാസികൾ മരിച്ചു. തമിഴ്‌നാട് തിരുനൽവേലി സ്വദേശി മാരിരിദുരൈ മൂർത്തി (46), പശ്ചിമ ബംഗാൾ കൊൽക്കത്ത സ്വദേശി സീനുൽ ഹഖ് (36) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അൽ ഷർഹാൻ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരായ ഇരുവരും വെറും രണ്ട് മാസം മുൻപാണ് പുതിയ വിസയിൽ സൗദിയിലെത്തിയത്. ജോലി ചെയ്തുകൊണ്ടിരുന്ന മതിൽ പെട്ടെന്ന് തകർന്ന് ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.

മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിനായി റിയാദ് കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ ദവാദ്മി കെഎംസിസി പ്രവർത്തകരായ ഫിറോസ് മുക്കം, ഷാഫി കാവനൂർ എന്നിവർ സജീവമായി രംഗത്തുണ്ട്. കുടുംബത്തിന്റെ ഏക അത്താണിയായ ഇരുവരുടെയും വിയോഗം പ്രവാസി സമൂഹത്തിനിടയിൽ വലിയ നോവായി മാറിയിരിക്കുകയാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles