12.4 C
Saudi Arabia
Thursday, February 26, 2026
spot_img

സൗദിയിൽ കസ്റ്റംസ് പരിശോധന ശക്തം; അതിർത്തികളിൽ പിടികൂടിയത് 965 നിരോധിത ഇനങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ കര, കടൽ, വ്യോമ അതിർത്തികളിൽ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനകളിൽ 965 നിരോധിത ഇനങ്ങൾ പിടികൂടി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത കടത്തുകൾ തടയുന്നതിനുമുള്ള ഊർജ്ജിത നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. പിടിച്ചെടുത്തവയിൽ ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട 114 കേസുകളും മറ്റ് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച 437 സംഭവങ്ങളും ഉൾപ്പെടുന്നു. ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയ അപകടകാരികളായ ലഹരിവസ്തുക്കളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

ഇവ കൂടാതെ, പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള 1,950 ശ്രമങ്ങളും വെളിപ്പെടുത്താത്ത വിദേശ കറൻസികൾ കൈവശം വെച്ച പത്ത് കേസുകളും ആയുധങ്ങൾ കടത്താൻ ശ്രമിച്ച മൂന്ന് കേസുകളും അധികൃതർ തടഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കസ്റ്റംസ് പരിശോധനകൾ കർശനമായി തുടരുമെന്ന് അതോറിറ്റി അറിയിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിത്വം അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും സൗദി കസ്റ്റംസ് വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles