കൊല്ലം: സേവനം തേടിയെത്തുന്ന രോഗികളെ അവഗണിച്ചുകൊണ്ട് കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രി ജീവനക്കാർ കൂട്ടത്തോടെ സഹപ്രവർത്തകന്റെ വിവാഹത്തിന് പോയി. തിങ്കളാഴ്ച രാവിലെയാണ് ഡോക്ടറുടെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘം ആശുപത്രി അടച്ചുപൂട്ടി മുങ്ങിയത്. ഹാജർ പുസ്തകത്തിൽ ഒപ്പിട്ട ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്. ആശുപത്രി പൂട്ടിക്കിടക്കുന്നത് കണ്ട് പ്രകോപിതരായ രോഗികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവമറിഞ്ഞ് എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വിവാഹത്തിന് പോയ ജീവനക്കാർ തിരക്കിട്ട് മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു. തിരുവനന്തപുരം വിളപ്പിൽശാലയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് യുവാവ് മരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിനെ വീണ്ടും പ്രതിരോധത്തിലാക്കുന്ന ഈ സംഭവം അരങ്ങേറുന്നത്. രോഗികളോടുള്ള ഈ ക്രൂരമായ അനാസ്ഥയ്‌ക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടന്നേക്കും.



