അബുദബി: ഇറാനെ ആക്രമിക്കാനായി തങ്ങളുടെ വ്യോമാതിർത്തിയോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കക്ക് യുഎഇയുടെ കർശന മുന്നറിയിപ്പ്. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ സൈനിക നടപടികൾക്ക് ഒരു തരത്തിലുള്ള പിന്തുണയും നൽകില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെയും രാജ്യാന്തര നിയമങ്ങളെയും ബഹുമാനിക്കണമെന്നും യുഎഇ അധികൃതർ ആവശ്യപ്പെട്ടു. സമാനമായ നിലപാട് നേരത്തെ സൗദി അറേബ്യയും വ്യക്തമാക്കിയിരുന്നു.
നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടതെന്നും സൈനിക നീക്കങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും യുഎഇ ചൂണ്ടിക്കാട്ടി. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കമ്പനിയായ ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഇറാൻ മേഖലയിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. അതേസമയം, ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ അതീവ ജാഗ്രത തുടരുകയാണ്. സംഘർഷം ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളുടെ ഈ നിർണ്ണായക നിലപാട് പുറത്തുവരുന്നത്.



