പയ്യന്നൂർ ഫണ്ട് തിരിമറി; വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്കിന് തീയിട്ടു

കണ്ണൂർ : രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണത്തിൽ സി.പി.എം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച പ്രവർത്തകന് നേരെ ആക്രമണം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിടുകയും സജീവമായി രംഗത്തിറങ്ങുകയും ചെയ്ത തായിനേരി സ്വദേശി ഷാജിയുടെ ബൈക്കാണ് അജ്ഞാതർ തീയിട്ടു നശിപ്പിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിന് പിന്നിൽ പാർട്ടിയിലെ എതിർവിഭാഗമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

രക്തസാക്ഷി ഫണ്ട് വിവാദത്തെത്തുടർന്ന് പയ്യന്നൂരിൽ സി.പി.എമ്മിനുള്ളിൽ ഉടലെടുത്ത ഭിന്നത പരസ്യമായ തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഈ അക്രമം വിലയിരുത്തപ്പെടുന്നത്. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും ടി.ഐ. മധുസൂദനൻ എം.എൽ.എയെ വിമർശിച്ചും കഴിഞ്ഞ ദിവസങ്ങളിൽ പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം. സംഭവത്തിൽ പരാതി ലഭിച്ചതായും പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

 

Related Articles

- Advertisement -spot_img

Latest Articles