റിയാദ്: ഇറാനെതിരായ യാതൊരുവിധ സൈനിക നടപടികൾക്കും തങ്ങളുടെ വ്യോമപരിധിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സൗദിയുടെ സുപ്രധാന നിലപാട് അദ്ദേഹം അറിയിച്ചത്. മേഖലയിലെ യുഎസ് സഖ്യകക്ഷിയായ യുഎഇ സമാനമായ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സൗദിയും രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ നൽകുന്ന പിന്തുണക്ക് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നന്ദി അറിയിച്ചു. ഇസ്ലാമിക സഹോദരങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ സുരക്ഷിതമായ ഒരു മേഖല കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇറാനെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഗൂഢാലോചനകളെ ജനങ്ങളുടെ ഐക്യം കൊണ്ട് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദിയുടെ ഈ പ്രഖ്യാപനം രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഈ നിലപാട് കരുത്തുപകരുമെന്നും നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



