വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഇതിന്റെ ഭാഗമായി യുഎസ് നാവികസേനയുടെ കരുത്തുറ്റ ഡിസ്ട്രോയർ കപ്പലായ ‘യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക്’ ചെങ്കടലിൽ നിലയുറപ്പിച്ചു. എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ഈ യുദ്ധക്കപ്പൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സഖ്യകക്ഷികൾക്ക് പിന്തുണ നൽകുന്നതിനുമായാണ് എത്തിയിരിക്കുന്നത്. ചെങ്കടലിലെ ചരക്ക് കപ്പലുകൾക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ നീക്കം ഏറെ നിർണ്ണായകമാണ്.
മേഖലയിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളിൽ നിന്നുള്ള ഭീഷണി നേരിടാൻ സജ്ജമായാണ് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളുള്ള ഈ കപ്പൽ എത്തിയിരിക്കുന്നത്. നേരത്തെ മെഡിറ്ററേനിയൻ കടലിൽ നിലയുറപ്പിച്ചിരുന്ന കപ്പലിനെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ചെങ്കടലിലേക്ക് മാറ്റിയത്. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഡെൽബെർട്ട് ഡി ബ്ലാക്ക്. അമേരിക്കയുടെ ഈ സൈനിക വിന്യാസം മേഖലയിലെ സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമോ എന്ന ആശങ്കയും അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.



