തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. എൽഡിഎഫിനെ ഭരണത്തിൽ നിന്നും മാറ്റിനിർത്താൻ കോൺഗ്രസ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതോടെ നാടകീയമായ സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം-ബിജെപി അന്തർധാര ആരോപണം ശക്തമാകുന്നതിനിടെയുണ്ടായ ഈ നീക്കം പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ട് നൽകിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, ബിജെപിയുടെ പിന്തുണയോടെ ലഭിച്ച വിജയം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബിജെപിയുമായി യാതൊരുവിധ രാഷ്ട്രീയ ധാരണയുമില്ലെന്നും വോട്ട് നൽകിയത് അവരുടെ തീരുമാനമാണെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. എന്നാൽ, കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം പഞ്ചായത്ത് ഓഫീസിന് മുന്നിൽ എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ ഈ രാഷ്ട്രീയ നീക്കം ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ചലനങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.



