15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കോൺഫിഡന്റ് ഗ്രൂപ്പിൽ ആദായനികുതി റെയ്‌ഡ്‌; ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് ജീവനൊടുക്കി

ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയിയെ (58) മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ ലാവെല്ലെ റോഡിലുള്ള ഓഫീസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഓഫീസിലെ ശുചിമുറിയിൽ കയറിയ അദ്ദേഹം ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയ്ഡിനിടെയുണ്ടായ മാനസിക സമ്മർദ്ദമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിലും സി.ജെ. റോയിയുടെ വസതിയിലും കേന്ദ്ര ഏജൻസികൾ പരിശോധന നടത്തിവരികയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുറമെ സിനിമ നിർമ്മാണം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളിലും സജീവമായിരുന്നു അദ്ദേഹം. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം ബിസിനസ് ലോകത്തെയും പ്രവാസി മലയാളികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ ബംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.

 

Related Articles

- Advertisement -spot_img

Latest Articles