15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധം; ട്വന്റി 20 നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

കൊച്ചി: കിറ്റെക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ചേരാൻ തീരുമാനിച്ചതിനെത്തുടർന്ന് പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ജിമ്മി മാവേലി, രഞ്ജു പുളിഞ്ചോട് തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ യുഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതാവ് വി.പി. സജീന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇവർ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത്.

ട്വന്റി 20 ബിജെപിയുടെ ഒരു റിക്രൂട്ടിംഗ് ഏജൻസിയായി മാറിയെന്നും സാധാരണക്കാരായ വോട്ടർമാരെ സാബു എം. ജേക്കബ് വഞ്ചിച്ചുവെന്നും റസീന പരീത് ആരോപിച്ചു. ജനപ്രതിനിധികളോടോ വാർഡ് കമ്മിറ്റികളോടോ ആലോചിക്കാതെയാണ് എൻഡിഎ ലയനം പ്രഖ്യാപിച്ചതെന്നും പാവപ്പെട്ടവർക്ക് കാർഡുകൾ നൽകാനെന്ന പേരിൽ ജാതിയും മതവും തിരിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത് ബിജെപിക്ക് കൈമാറാനായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി. എൻഡിഎ പ്രവേശനത്തോടെ പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ കോൺഗ്രസിലേക്ക് എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം, എതിർപ്പുള്ളവർക്ക് പാർട്ടി വിട്ടുപോകാമെന്നും 80 ശതമാനം പ്രവർത്തകരും എൻഡിഎ ബന്ധത്തെ പിന്തുണയ്ക്കുന്നുവെന്നുമാണ് സാബു ജേക്കബിന്റെ പ്രതികരണം

 

Related Articles

- Advertisement -spot_img

Latest Articles