ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലായ വിവരാവകാശ നിയമം (RTI) കേന്ദ്ര സർക്കാർ ആസൂത്രിതമായി തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വിവരാവകാശ നിയമത്തിന്റെ ഇരുപതാം വാർഷികത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ഭരണകൂടത്തിന്മേലുള്ള നിരീക്ഷണാധികാരം ഇല്ലാതാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അഴിമതി തുറന്നുകാട്ടാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കുന്ന ഈ നിയമത്തെ ദുർബലപ്പെടുത്തുന്നതിലൂടെ സർക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
വിവരാവകാശ കമ്മീഷനുകളിൽ ഒഴിവുകൾ നികത്താത്തതും, നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികളിലൂടെ കമ്മീഷണർമാരുടെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കിയതും ഇതിന് തെളിവാണ്. 2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഈ നിയമം സാധാരണക്കാരന് അധികാര കേന്ദ്രങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള കരുത്താണ് നൽകിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ഡിഗ്രി വിവരം മുതൽ പി.എം കെയേഴ്സ് ഫണ്ട് വരെയുള്ള കാര്യങ്ങൾ രഹസ്യമാക്കി വെക്കാൻ ഈ നിയമത്തെ അട്ടിമറിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. വിവരാവകാശ പ്രവർത്തകർക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചും ഖാർഗെ ആശങ്ക രേഖപ്പെടുത്തി. ഭരണഘടന നൽകുന്ന അറിയാനുള്ള അവകാശത്തെ സംരക്ഷിക്കാൻ ജനം മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



