അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ അമേരിക്കയുമായുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി ഇറാൻ. നീതിയുക്തമായ ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ ഭീഷണിയുടെ നിഴലിൽ ചർച്ചകൾ സാധ്യമല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. തുർക്കി സന്ദർശനത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്. രാജ്യത്തിന്റെ പ്രതിരോധ-മിസൈൽ ശേഷിയെക്കുറിച്ച് യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തങ്ങൾ ഒരുക്കമല്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഇറാനെതിരെ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരുന്നു. ചർച്ചകൾക്ക് വഴങ്ങിയില്ലെങ്കിൽ ‘ബലപ്രയോഗം’ വേണ്ടിവരുമെന്നും ഇതിനായി കൂടുതൽ വിമാനവാഹിനിക്കപ്പലുകൾ മേഖലയിലേക്ക് അയക്കുന്നുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടനിലക്കാരനാകാൻ തയ്യാറാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചിട്ടുണ്ട്. 2018-ൽ ആണവ കരാറിൽ നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള സമാധാന ശ്രമങ്ങൾ തുർക്കിയുടെ നേതൃത്വത്തിൽ സജീവമായി നടക്കുന്നുണ്ട്.



