15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കേന്ദ്ര ബജറ്റ് 2026: സ്മാർട്ട്ഫോണുകൾക്കും കാൻസർ മരുന്നുകൾക്കും വില കുറയും; മദ്യവും സിഗരറ്റും ഇനി വിലയേറും

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിൽ സാധാരണക്കാരെയും ഇടത്തരക്കാരെയും നേരിട്ട് ബാധിക്കുന്ന നിരവധി വില പ്രഖ്യാപനങ്ങൾ പുറത്തുവന്നു. ഇറക്കുമതി തീരുവയിലും നികുതി ഘടനയിലും വരുത്തിയ മാറ്റങ്ങളാണ് പല നിത്യോപയോഗ സാധനങ്ങളുടെയും വിലയെ ബാധിച്ചത്. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. കൂടാതെ സ്മാർട്ട്ഫോണുകൾ, മൊബൈൽ ഫോൺ ചാർജറുകൾ, അനുബന്ധ ഭാഗങ്ങൾ എന്നിവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു. ഇതോടെ പ്രമുഖ കമ്പനികളുടെ മൊബൈൽ ഫോണുകൾക്ക് വിപണിയിൽ വില കുറയും.

സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ, കായിക ഉപകരണങ്ങൾ, ചെരിപ്പുകൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയും കുറയുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. സമുദ്രോത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതും മത്സ്യബന്ധന മേഖലയ്ക്ക് ആശ്വാസമാകും. എന്നാൽ മദ്യത്തിനും പുകയില ഉൽപ്പന്നങ്ങൾക്കും വില വർദ്ധിക്കും. സിഗരറ്റുകളുടെ എക്സൈസ് തീരുവ വർദ്ധിപ്പിച്ചതോടെ പുകയില ഉൽപ്പന്നങ്ങൾക്ക് ഇനി മുതൽ കൂടുതൽ പണം നൽകേണ്ടി വരും. ചില ലോഹങ്ങൾ, ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചില ധാതുക്കൾ എന്നിവയ്ക്കും വില കൂടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പല സാധനങ്ങളുടെയും ഇറക്കുമതി തീരുവയിൽ സർക്കാർ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles