17.2 C
Saudi Arabia
Wednesday, February 4, 2026
spot_img

നരവനെയുടെ പുസ്തകം; പാർലമെന്റിൽ പ്രതിഷേധം, എട്ട് കോൺഗ്രസ് എം.പിമാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ സഭയിൽ വായിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചതിനെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. തുടർച്ചയായ രണ്ടാം ദിവസവും ഇതിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പ്രതിപക്ഷ എം.പിമാർ സഭയിൽ ബഹളം വെക്കുകയും സ്പീക്കർക്ക് നേരെ പേപ്പറുകൾ കീറിയെറിയുകയും ചെയ്തു. ഇതേത്തുടർന്ന് കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, അമരീന്ദർ രാജ വാരിംഗ്, മാണിക്കം ടാഗോർ എന്നിവരുൾപ്പെടെ എട്ട് കോൺഗ്രസ് എം.പിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബഹളത്തെത്തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. 2020-ലെ ലഡാക്ക് അതിർത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചും വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്നും രേഖകൾ സാക്ഷ്യപ്പെടുത്തി നൽകിയിട്ടും സംസാരിക്കാൻ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചൈനീസ് വിഷയത്തിൽ സർക്കാർ എന്തിനാണ് ഭയപ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം, താൻ പ്രതിപക്ഷ നേതാവാണെന്ന കാര്യം ഭരണപക്ഷം മറക്കരുതെന്നും ഓർമ്മിപ്പിച്ചു. യു.എസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ രൂക്ഷവിമർശനം ഉന്നയിച്ചു. മാസങ്ങളായി മുടങ്ങിക്കിടന്ന കരാർ ഒറ്റരാത്രികൊണ്ട് ഒപ്പിട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രധാനമന്ത്രി ഇന്ത്യൻ കർഷകരെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. രാഹുലിന് പിന്തുണയുമായി സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് അംഗങ്ങളും പ്രതിഷേധത്തിൽ അണിനിരന്നു.

അതേസമയം, രാഹുൽ ഗാന്ധി സഭയുടെ നിയമങ്ങൾ ലംഘിക്കുകയാണെന്നും സൈനികരെ അപമാനിക്കുകയാണെന്നും ബി.ജെ.പി എം.പി അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ ഇത്തരം കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന പ്രാഥമിക അറിവ് പോലും പ്രതിപക്ഷ നേതാവിനില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പുറത്തിറങ്ങാത്ത നരവനെയുടെ പുസ്തകത്തിൽ, ലഡാക്ക് സംഘർഷ സമയത്ത് പ്രതിരോധ മന്ത്രിയുമായി നടത്തിയ സംഭാഷണങ്ങളും അഗ്നിവീറുകളുടെ ശമ്പള വർദ്ധനവിനായി നടത്തിയ ഇടപെടലുകളും പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നൽകാനൊരുങ്ങുകയാണ്.

 

 

 

 

Related Articles

- Advertisement -spot_img

Latest Articles