20.3 C
Saudi Arabia
Saturday, March 21, 2026
spot_img

“നേതൃത്വത്തെ അണികൾ തിരുത്തണം”; വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ജോസഫ് സി. മാത്യു പ്രകാശനം ചെയ്തു

കണ്ണൂർ: സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ വിവാദ പുസ്തകം ‘നേതൃത്വത്തെ അണികൾ തിരുത്തണം’ പയ്യന്നൂരിൽ പ്രകാശനം ചെയ്തു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന വൻ ജനാവലി പങ്കെടുത്ത ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യുവാണ് പുസ്തകം പ്രകാശനം ചെയ്തത്. അന്തരിച്ച എഴുത്തുകാരൻ എം.എൻ. വിജയന്റെ മകൻ വി.എസ്. അനിൽകുമാർ പുസ്തകത്തിന്റെ ആദ്യ പകർപ്പ് ഏറ്റുവാങ്ങി. പയ്യന്നൂരിലെ സി.പി.ഐ.എം ഫണ്ട് വിവാദവും രക്തസാക്ഷി ധനരാജ് കുടുംബ സഹായ നിധിയിലെ ക്രമക്കേടുകളും ഉൾപ്പെടെയുള്ള നിർണ്ണായക വെളിപ്പെടുത്തലുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

സി.പി.ഐ.എം നേതൃത്വത്തിന്റെ സാമ്പത്തിക ഇടപാടുകളെയും സംഘടനാപരമായ പോരായ്മകളെയും പുസ്തകത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. പുസ്തക പ്രകാശനത്തിന് മുന്നോടിയായി പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നതിനാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് ചടങ്ങ് നടന്നത്. പാർട്ടിക്കുള്ളിലെ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും അണികൾ നേതൃത്വത്തെ തിരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജോസഫ് സി. മാത്യു അഭിപ്രായപ്പെട്ടു. സത്യാനന്തര കാലഘട്ടത്തിൽ ഇത്തരം വെളിപ്പെടുത്തലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ പുസ്തകത്തിലെ പരാമർശങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles