തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ഉപദേശപ്രകാരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരിഹസിച്ചു. സഭയിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങൾ വെറും പ്രഹസനമാണെന്നും ഇതിന് പിന്നിൽ കൃത്യമായ തിരക്കഥയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സുനിൽ കനഗോലു എഴുതിക്കൊടുക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിക്കുന്നതെന്നും ഇതിലൂടെ ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിലുൾപ്പെടെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. സഭ തടസ്സപ്പെടുത്തുന്നതിലൂടെ പ്രതിപക്ഷം ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും സമര രീതികൾക്ക് മാറ്റം വന്നത് ഇത്തരം പുറം ഏജൻസികളുടെ ഇടപെടൽ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിന് പകരം പി.ആർ. ഏജൻസികളുടെ നിർദ്ദേശമനുസരിച്ച് നാടകം കളിക്കുന്ന രീതിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംഘവും നടപ്പിലാക്കുന്നത്. പ്രതിപക്ഷത്തിന്റെ ഇത്തരം രാഷ്ട്രീയ അഭ്യാസങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.



