ഹരാരെ: അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. അഫ്ഗാൻ ഉയർത്തിയ 310 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം 53 പന്തുകൾ ബാക്കിനിൽക്കെ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. മലയാളി താരം ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ച്വറിയാണ് (115) ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് എന്ന റെക്കോർഡും ഈ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ, ഫൈസൽ ഷിനോസാദ (110), ഉസൈറുല്ല നിയാസായി (101*) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് 310 റൺസെടുത്തത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഇന്ത്യക്കെതിരെ 300-ന് മുകളിൽ സ്കോർ ചെയ്യുന്നത്. എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യ ആധിപത്യം പുലർത്തി. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും (68) ആരോൺ ജോർജും ചേർന്ന് 9.3 ഓവറിൽ 90 റൺസ് അടിച്ചുകൂട്ടി മികച്ച തുടക്കം നൽകി. നായകൻ ആയുഷ് മാത്രെ (62) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ വിഹാൻ മൽഹോത്ര (38*), വേദാന്ത് ത്രിവേദി (5*) എന്നിവർ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ച് ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് ചുവടുവെക്കുന്നത്.



