21.2 C
Saudi Arabia
Tuesday, February 10, 2026
spot_img

മതപരിവർത്തന ആരോപണം വ്യാജം; മഥുരയിൽ സസ്പെൻഷനിലായ പ്രധാനാധ്യാപകനെ തിരിച്ചെടുത്തു

മഥുര: സ്കൂളിൽ കുട്ടികളെക്കൊണ്ട് നിർബന്ധപൂർവ്വം നിസ്കരിപ്പിച്ചുവെന്നും മതം മാറ്റാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ പ്രധാനാധ്യാപകനെ കുറ്റക്കാരനല്ലെന്ന് കണ്ട് സർവീസിൽ തിരിച്ചെടുത്തു. ഉത്തർപ്രദേശിലെ നൗജീൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ജാൻ മുഹമ്മദിനെയാണ് (52) അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെത്തുടർന്ന് വിദ്യഭ്യാസ വകുപ്പ് തിരിച്ചെടുത്തത്. പ്രാദേശിക ബി.ജെ.പി നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 31-നായിരുന്നു ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ, ജാൻ മുഹമ്മദിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടി വിദ്യാർഥികളും സഹപ്രവർത്തകരും നാട്ടുകാരും ഒന്നടങ്കം രംഗത്തെത്തി.

സ്കൂളിൽ നിസ്കാരം നടക്കാറില്ലെന്നും കൃത്യമായി ദേശീയഗാനം ആലപിക്കാറുണ്ടെന്നും വിദ്യാർഥികൾ മൊഴി നൽകി. ദേശീയഗാനം ആലപിക്കാറില്ലെന്ന പരാതി തെറ്റാണെന്ന് തെളിയിക്കാൻ അഞ്ചാം ക്ലാസ് വിദ്യാർഥിനി അന്വേഷണ സംഘത്തിന് മുന്നിൽ ദേശീയഗാനം പാടിക്കാണിക്കുകയും ചെയ്തു. ബി.എസ്.എ (Basic Shiksha Adhikari) രൂപീകരിച്ച രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. 2007 മുതൽ ഇതേ സ്കൂളിൽ ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം പരാതികൾ ഉണ്ടായിട്ടില്ലെന്ന് ജാൻ മുഹമ്മദ് പ്രതികരിച്ചു. സ്കൂളിലെ എട്ട് അധ്യാപകരിൽ ഏക മുസ്ലിം അധ്യാപകനായ തനിക്കെതിരെ കൃത്യമായ അന്വേഷണമില്ലാതെയാണ് നടപടിയെടുത്തതെന്ന് സഹപ്രവർത്തകയായ കാംന അഗർവാളും ചൂണ്ടിക്കാട്ടിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles