വി.എസിന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് കുടുംബം; ‘ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുതെന്ന്’ അരുൺ കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഐതിഹാസിക കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്‌കാരം കുടുംബം നിരസിച്ചു. വി.എസിന്റെ മകൻ വി.എ. അരുൺകുമാർ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. ഏതൊരു ഔദ്യോഗിക ബഹുമതിയേക്കാളും വി.എസ് എന്ന ജനനായകന് ജനഹൃദയങ്ങളിലുള്ള സ്ഥാനമാണ് വലുതെന്ന് കുടുംബം വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

വി.എസ് പ്രതിനിധാനം ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ആദർശങ്ങളും മുൻനിർത്തിയാണ് പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ കുടുംബം എത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ് എപ്പോഴും പാർട്ടിയുടെ നിലപാടുകളെയും ആദർശങ്ങളെയും മുറുകെ പിടിച്ചിരുന്ന വ്യക്തിയായിരുന്നു. പിതാവിന്റെ ആ ആദർശങ്ങൾക്കും പാർട്ടി നയങ്ങൾക്കും ഒപ്പമായിരിക്കും കുടുംബമെന്നും അരുൺകുമാർ കുറിപ്പിൽ പറഞ്ഞു. വി.എസിന്റെ പൊതുജീവിതത്തോടുള്ള ആദരമായി ഈ പുരസ്‌കാര പ്രഖ്യാപനത്തെ കാണുന്നുവെന്നും, അദ്ദേഹത്തിന്റെ പോരാട്ടങ്ങളോട് ജനങ്ങൾ കാണിച്ച സ്നേഹത്തിന് നന്ദി പറയുന്നതായും കുടുംബം അറിയിച്ചു.

മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ സമാനമായ രീതിയിൽ സർക്കാർ പുരസ്‌കാരങ്ങൾ നിരസിച്ചിട്ടുള്ള ചരിത്രം പിൻപറ്റിയാണ് വി.എസിന്റെ കുടുംബവും ഇപ്പോൾ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles