20.2 C
Saudi Arabia
Monday, February 9, 2026
spot_img

ശിയാ പണ്ഡിതനെ കൊലപ്പെടുത്തിയ കേസ്; സദ്ദാം ഹുസൈന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

ബഗ്ദാദ്: ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഭരണകാലത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി. 1980-ൽ പ്രമുഖ ശിയാ പണ്ഡിതൻ മുഹമ്മദ് അൽ ബാഖിർ അൽ സദ്റിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുൻ മേജർ ജനറൽ സാദൂൻ സബ്രി അൽ ഖൈസിയെയാണ് തിങ്കളാഴ്ച തൂക്കിലേറ്റിയത്. സദ്ദാമിന്റെ ഭരണകാലത്ത് സുരക്ഷാ സൈനിക വിഭാഗത്തിൽ നിർണ്ണായക പദവി വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാൾ. കഴിഞ്ഞ വർഷം അറസ്റ്റിലായ ഖൈസിക്കെതിരെ മനുഷ്യത്വത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടതായി ഇറാഖ് നാഷണൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു.

ഇറാൻ വിപ്ലവ കാലഘട്ടത്തിൽ സദ്ദാം ഹുസൈനും ബഅസ് പാർട്ടിക്കുമെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നേതാവായിരുന്നു അൽ സദ്ർ. 1980-ൽ സദ്ദാം ഭരണകൂടം അദ്ദേഹത്തെയും സഹോദരിയെയും അറസ്റ്റ് ചെയ്യുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകത്തിലും മറ്റ് നിരവധി സിവിലിയന്മാരുടെ മരണത്തിലും സാദൂൻ സബ്രി അൽ ഖൈസിക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്. ഇറാഖിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ഈ കൊലപാതകക്കേസിൽ ദശാബ്ദങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നീതി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles