തൃശൂർ: തുടർഭരണം ജനാധിപത്യത്തിന് ഗുണകരമല്ലെന്ന തന്റെ പ്രസ്താവനയുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന സൈബർ ഗ്രൂപ്പുകൾക്കെതിരെ രൂക്ഷവിമർശനവുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. “പറയുന്നതിന്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അദൃശ്യരും ശബ്ദമില്ലാത്തവരുമായ ജനവിഭാഗങ്ങളെ കേൾക്കുന്നതാണ് യഥാർത്ഥ ജനാധിപത്യമെന്നും മാർക്സിസം മുന്നോട്ടുപോകാനുള്ള ഏകവഴി ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികസനം പറഞ്ഞ് ഉപരി-മധ്യവർഗത്തെ മാത്രം സന്തോഷിപ്പിക്കുന്നത് മാർക്സിസ്റ്റ് ശൈലിയല്ലെന്ന് ആധുനിക ചിന്തകൻ ജാക്വെസ് റാൻസിയറെ ഉദ്ധരിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സൈബർ ലോകത്തെ തന്റെ വിമർശകർ പലപ്പോഴും തന്റെ എഴുത്തുകളോ നിലപാടുകളോ വായിക്കാത്തവരാണെന്നും ഇത്തരക്കാരുമായി നടത്തുന്നത് വാക്കുകളുടെ ‘കാളയുദ്ധം’ മാത്രമാണെന്നും സച്ചിദാനന്ദൻ പരിഹസിച്ചു. അടിയന്തരാവസ്ഥ കാലത്തെ തടവുശിക്ഷ മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെയുള്ള തന്റെ ചരിത്രം വിശദീകരിച്ച അദ്ദേഹം, താനൊരിക്കലും പദവികൾക്കായി ആരുടെ പിന്നാലെയും പോയിട്ടില്ലെന്നും വ്യക്തമാക്കി. അറിവില്ലാത്ത സൈബർ വിമർശകർക്ക് വേണ്ടി തന്റെ നിലപാടുകൾ വിശദീകരിക്കേണ്ടി വരുന്നതിൽ നാണക്കേടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ സൈബർ ഹാൻഡിലുകളിൽ നിന്ന് കടുത്ത ആക്രമണം നേരിട്ട സാഹചര്യത്തിലാണ് സച്ചിദാനന്ദന്റെ ഈ പുതിയ പ്രതികരണം.



