17.4 C
Saudi Arabia
Saturday, March 28, 2026
spot_img

റിയാദ് ഐ.സി.എഫ് ‘ദാറുൽ ഖൈർ’ സമർപ്പിച്ചു

റിയാദ്: റിയാദ് റീജിയൺ നിർമ്മിച്ചു നൽകിയ പതിമൂന്നാമത് ‘ദാറുൽ ഖൈർ’ സമർപ്പിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കുഴിച്ചെന സ്വദേശിയായ പ്രവാസിക്കാണ് ഐ സി എഫ് റിയാദ് റീജിയൺ കമ്മിറ്റി ഭവനം പണികഴിപ്പിച്ചു നൽകിയത്. കമ്മിറ്റിക്ക് കീഴിൽ പണി പൂർത്തിയാക്കി കൈ മാറുന്ന പതിമൂന്നാമത്തെ വീടാണിത്. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ മാതൃക തീർത്ത് പ്രവാസ ലോകത്ത് വ്യത്യസ്ഥത തീർക്കുകയാണ് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്).

നിർധനരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ദാറുൽ ഖൈർ. റിയാദ് റീജിയണിലെ പ്രവർത്തകരുടെയും പ്രവാസി മലയാളികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. പുതിയ വീടിന്റെ താക്കോൽ ദാനം ഐ.സി.എഫ് റിയാദ് സോഷ്യൽസർവീസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡന്റ് ബഷീർ മിസ്ബാഹി നിർവ്വഹിച്ചു. മുസ്‌ലിം ജമാഅത്ത് വേങ്ങര കൂരിയാട് സർക്കിൾ പ്രസിഡന്റ് ഷാഫി മുസ്‌ലിയാർ ബഷീർ മിസ്ബാഹിയിൽ നിന്നും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.

അവശത അനുഭവിക്കുന്നവർക്ക് ആശ്വാസമേകാനും ദുർബല വിഭാഗങ്ങളെ ചേർത്ത് പിടിക്കാനും ഐസിഎഫ് കാണിക്കുന്ന ജാഗ്രതയും കരുതലുമാണ് സമൂഹത്തിൻറെ പ്രതീക്ഷയെന്ന് ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. മുസ്‌ലിം ജമാഅത്ത് കുഴിച്ചെന യൂണിറ്റ് സെക്രട്ടറി മൂസക്കുട്ടി, മുൻ ഭാരവാഹി സയ്യിദ് ബാപ്പു തങ്ങൾ കുറ്റൂർ തുടങ്ങിയവർ പങ്കെടുത്തു.

നിർധനരായ കുടുംബങ്ങൾക്ക് നൽകി വരുന്ന ദാറുൽ ഖൈറിന് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നൽകി വരുന്ന ശുദ്ധ ജല പദ്ധതികൾ, വിശ്രമ ജീവിതം നയിക്കുന്ന രോഗികളായ മുൻ പ്രവാസികൾക്ക് നൽകി വരുന്ന ചികിത്സാ സഹായങ്ങൾ തുടങ്ങി വ്യത്യസ്ഥങ്ങളായ പദ്ധതികളാണ് ഐസിഎഫ് നടപ്പിലാക്കി വരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles