കണ്ണൂർ: ശബരിമലയിലെ സ്വർണ്ണം കവർന്നവർ ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ലെന്ന് താൻ വിശ്വസിക്കുന്നതായി സ്പീക്കർ എ.എൻ. ഷംസീർ. ദൈവത്തിന്റെ സ്വത്ത് കക്കുന്നവർ ഒരിക്കലും രക്ഷപ്പെടില്ലെന്നും കുറ്റവാളികളെ ജയിലിലടയ്ക്കാൻ കേരള പോലീസിനും സർക്കാരിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോന്നായി പുറത്തുകൊണ്ടുവരുന്നത് കേരള പോലീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമത്തിന് അതിന്റെതായ രീതികളുണ്ടെന്നും കുറ്റമറ്റ രീതിയിൽ കുറ്റപത്രം സമർപ്പിക്കുക എന്നതാണ് പ്രധാനമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ചാനലുകൾ പറയുന്നതുപോലെ പിടികൂടുമ്പോൾ തന്നെ ശിക്ഷിക്കാനാവില്ല. സഭയിലെ സ്പീക്കർ എന്ന നിലയിൽ ഭരണ-പ്രതിപക്ഷ വാദങ്ങൾ താൻ കേൾക്കുന്നുണ്ടെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണം കട്ടവർ രക്ഷപ്പെടില്ലെന്ന വിശ്വാസമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും ഷംസീർ വ്യക്തമാക്കി.



