25.3 C
Saudi Arabia
Saturday, February 14, 2026
spot_img

അയ്യപ്പ സംഗമത്തിൽ ‘വീരപ്പനെ തോൽപ്പിക്കുന്ന കൊള്ള’; മന്ത്രി വാസവൻ രാജിവെക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകളിലെ വൈരുദ്ധ്യത്തിൽ സർക്കാരിനെയും ദേവസ്വം വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പ സംഗമത്തിന്റെ പേരിൽ നടന്നത് വലിയ കൊള്ളയാണെന്നും വിഗ്രഹം സ്വർണ്ണമല്ലാത്തതുകൊണ്ട് മാത്രമാണ് അത് അവിടെ ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു.

നാലായിരം പേർ പങ്കെടുത്ത പരിപാടിയിൽ അയ്യായിരം പേർക്ക് ഭക്ഷണം നൽകിയെന്ന കണക്കുകൾ വിചിത്രമാണ്. വീരപ്പൻ പോലും തോറ്റുപോകുന്ന രീതിയിലുള്ള കൊള്ളയാണ് ഭരണകൂടം നടത്തിയതെന്നും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവെക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കും അതിഥികളുടെ പഞ്ചനക്ഷത്ര താമസത്തിനുമായി ലക്ഷങ്ങൾ ചെലവഴിച്ചതും, കച്ചേരി നടത്താത്തവർക്കായി എട്ട് ലക്ഷം രൂപയുടെ ബില്ല് തയാറാക്കിയതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയാണ് കോടികളുടെ തിരിമറി നടന്നത്.

അതേസമയം, അയ്യപ്പ സംഗമത്തിലെ കണക്കുകളെ ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. ഓഡിറ്റ് റിപ്പോർട്ടിലെ പല കാര്യങ്ങളിലും ബോർഡിന് വ്യക്തമായ മറുപടിയുണ്ടെന്നും ചൊവ്വാഴ്ച സ്വകാര്യ ഓഡിറ്ററെ ഉൾപ്പെടുത്തി നടത്തുന്ന ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ മുൻ ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്ന ഈ വിവാദം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.

 

Related Articles

- Advertisement -spot_img

Latest Articles