ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; വെടിനിർത്തലിനായി അഭ്യർത്ഥിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ഇറാൻ വെടിനിർത്തലിനായി അപേക്ഷിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം. സമാധാന കരാറിനായി ഇറാൻ ഭരണകൂടം തിടുക്കം കാണിക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും ഇത്തരം പ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇറാൻ വക്താവ് വ്യക്തമാക്കി. തങ്ങൾ ആരുടെയും മുന്നിൽ വെടിനിർത്തലിനായി യാചിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള അമേരിക്കയുടെ 15 നിർദ്ദേശങ്ങളടങ്ങിയ സമാധാന കരാർ തങ്ങൾ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും ഇറാൻ അറിയിച്ചു.

നാല് ആഴ്ച പിന്നിടുന്ന യുഎസ്-ഇറാൻ സൈനിക നീക്കങ്ങൾക്കിടയിലും നയതന്ത്ര തലത്തിൽ വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇറാൻ ചർച്ചകൾക്കായി രഹസ്യമായി സമീപിക്കുന്നുണ്ടെന്നും എന്നാൽ തങ്ങൾ നിബന്ധനകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നുമാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ, പാകിസ്ഥാൻ പോലുള്ള മധ്യസ്ഥ രാജ്യങ്ങൾ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നതൊഴിച്ചാൽ നേരിട്ടുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ശ്രമം തുടരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത്. യുദ്ധം ആഗോള ഊർജ്ജ വിപണിയെ തളർത്തിയ സാഹചര്യത്തിൽ നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടി കൂടുതൽ ശക്തമാക്കാനാണ് ട്രംപിന്റെ നീക്കം.

 

Related Articles

- Advertisement -spot_img

Latest Articles