24 C
Saudi Arabia
Saturday, February 14, 2026
spot_img

സമസ്ത നൂറാം വാർഷിക സമ്മേളനം 2027 ജനുവരിയിൽ മലപ്പുറത്ത്; ഐക്യത്തിന് എന്നും തയ്യാറെന്ന് കാന്തപുരം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനം 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറം വാദി ഹറമൈനിയിൽ നടക്കും. ‘സമസ്ത: 100 പ്രകാശവർഷങ്ങൾ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ തീയതിയും സ്ഥലവും കോട്ടക്കൽ ബഹ്‌റുൽ ഉലൂം നഗറിൽ നടന്ന വിളംബര സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ് പ്രഖ്യാപിച്ചത്. സമസ്തയിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരണമെന്ന ഇ.കെ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന കാന്തപുരം തള്ളി. സുന്നികൾ സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നും അന്ന് ചർച്ച ചെയ്ത ചില തീരുമാനങ്ങളോടുള്ള വിയോജിപ്പ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഐക്യത്തിനായി സമസ്ത എന്നും തയ്യാറാണെന്നും സയ്യിദന്മാരും ഉലമാക്കളും ചേർന്ന് സൗഹൃദപരമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കാന്തപുരം വ്യക്തമാക്കി.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച വിളംബര സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും നൂറുകണക്കിന് പൊതുജനങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. വരാനിരിക്കുന്ന നൂറാം വാർഷികം ചരിത്രപരമായ മുന്നേറ്റമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘടനയെന്ന് നേതാക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles