ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിലെ വ്യവസ്ഥകൾ രാജ്യത്തെ കർഷകരെയും തദ്ദേശീയ വിപണിയെയും ദോഷകരമായി ബാധിക്കുമെന്ന് ആരോപിച്ച അദ്ദേഹം, വിഷയത്തിൽ അഞ്ച് നിർണ്ണായക ചോദ്യങ്ങൾ ഉന്നയിച്ചു.
കരാറിൽ പരാമർശിക്കുന്ന ‘ഡിഡിജി’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അമേരിക്കയിൽ നിന്നുള്ള ജനിതക മാറ്റം വരുത്തിയ ധാന്യങ്ങളുടെ അവശിഷ്ടങ്ങൾ ഇന്ത്യൻ കന്നുകാലികൾക്ക് തീറ്റയായി നൽകാൻ നീക്കമുണ്ടോ എന്നും അദ്ദേഹം എക്സിലൂടെ ചോദിച്ചു.
കരാർ നിലവിൽ വരുന്നതോടെ രാജ്യത്തെ സോയ കർഷകരുടെ ഭാവി എന്താകുമെന്നും അവർക്ക് കൃത്യമായ വില ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് സാധിക്കുമോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. കൂടാതെ, ‘അധിക ഉൽപ്പന്നങ്ങൾ’ എന്ന പട്ടികയിൽ ഏതൊക്കെ ഇനങ്ങളാണ് ഉൾപ്പെടുന്നത്, പയർ വർഗങ്ങൾ ഉൾപ്പെടെയുള്ള വിളകൾ അമേരിക്കൻ ഇറക്കുമതിക്കായി വിട്ടുകൊടുക്കുമോ തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹം വ്യക്തത തേടി.
ഈ മാസം ഏഴിന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിബന്ധനകൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് കർഷക താല്പര്യങ്ങൾ ബലികഴിക്കുന്നതിന്റെ സൂചനയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പാർലമെന്റിലെ ഇരുസഭകളിലും ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.



