പത്തനംതിട്ട: അവയവദാനത്തിലൂടെ ഏവർക്കും മാതൃകയായി വിടവാങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന വ്യാജ ഫണ്ട് ശേഖരണത്തിനെതിരെ കുടുംബം രംഗത്ത്. മകളുടെ മരണാനന്തര ചടങ്ങുകൾക്കും മറ്റുമായി കുടുംബം സാമ്പത്തിക സഹായം തേടുന്നു എന്ന രീതിയിൽ ചില തട്ടിപ്പ് സംഘങ്ങൾ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് ആലിന്റെ പിതാവ് അരുൺ എബ്രഹാം വ്യക്തമാക്കി. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളിലും പോസ്റ്റുകളിലും ആരും വീഴരുതെന്നും സാമ്പത്തികമായി ആരുടെയെങ്കിലും സഹായം കുടുംബം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
മകളുടെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തെ അപമാനിക്കുന്ന തരത്തിലാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ. വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടക്കുന്നത്. സംഭവത്തിൽ പോലീസിലും സൈബർ സെല്ലിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. ദുരന്തസാഹചര്യങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ വിവരമറിയിക്കണമെന്നും കുടുംബം അഭ്യർഥിച്ചു.



