റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ ഈ വർഷത്തെ വിശുദ്ധ റമദാൻ വ്രതാരംഭം ബുധനാഴ്ചയായിരിക്കും. മാസപ്പിറവി ദർശിച്ചതോടെ വിശ്വാസികൾ ഇനി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വ്രതശുദ്ധിയുടെയും പ്രാർത്ഥനകളുടെയും നാളുകളിലേക്ക് പ്രവേശിക്കും. മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.
മാസപ്പിറവി ദൃശ്യമായത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം സൗദി സുപ്രീം കോടതിയിൽ നിന്നും റോയൽ കോർട്ടിൽ നിന്നും പുറത്തുവന്നു. ഔദ്യോഗിക പ്രഖ്യാപനം പുറത്തിറങ്ങിയതോടെ പള്ളികളിൽ തറാവീഹ് നമസ്കാരങ്ങൾക്കും തുടക്കമാകും. പുണ്യമാസത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ.



