കോഴിക്കോട്: നഗരമധ്യത്തിലെ പാളയത്തുള്ള ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വൈകുന്നേരത്തോടെ വൻ തീപിടിത്തം ഉണ്ടായി. വൈകുന്നേരം ആറു മണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള വെഡ്ഡിംഗ് സെക്ഷനിലാണ് തീ പടർന്നത്. അപകടത്തിൽ രണ്ടുപേർക്ക് പൊള്ളലേറ്റു. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
അഗ്‌നിശമന സേനയുടെ ഒന്നിലധികം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാൻ ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റുകളോടും സ്ഥലത്തെത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.



