കൊച്ചി: സംസ്ഥാനത്തെ സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ പത്ത് വർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ജനുവരി മൂന്നിന് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവാണ് കോടതി തടഞ്ഞത്. കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിച്ചുകൊണ്ടാണ് പുതിയ നീക്കമെന്ന ഹരജിക്കാരുടെ വാദം കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. പിൻവാതിൽ നിയമനങ്ങൾ പാടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന ഇത്തരം സ്ഥിരപ്പെടുത്തലുകൾ ചട്ടവിരുദ്ധമാണെന്നുമുള്ള മുൻകാല വിധികൾ നിലനിൽക്കെയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ ഇത് പി.എസ്.സി ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുമെന്നും സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻകാല വിധികൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ആരംഭിച്ചിരുന്ന സ്ഥിരപ്പെടുത്തൽ നടപടികൾ നിർത്തിവെക്കേണ്ടി വരും. നിയമപരമായ കൃത്യതയില്ലാത്ത ഇത്തരം നീക്കങ്ങൾ അനുവദിക്കാനാവില്ലെന്ന കർശന സൂചനയാണ് കോടതി നൽകിയിരിക്കുന്നത്.



