ന്യൂഡൽഹി: തലസ്ഥാനത്ത് നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ വേദിയിൽ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ യൂത്ത് കോൺഗ്രസിന്റെ നാടകീയ പ്രതിഷേധം. സാങ്കേതിക വിദഗ്ധരും പ്രമുഖ കമ്പനി സി.ഇ.ഒമാരും സംസാരിക്കുന്നതിനിടെ വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർ ഷർട്ടൂരി പ്രതിഷേധിക്കുകയും തുടർന്ന് ഹാളിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു. വ്യാപാര കരാറിലൂടെ ഇന്ത്യക്ക് അർഹമായ നേട്ടങ്ങൾ ലഭിച്ചിട്ടില്ലെന്നും ഇത് അമേരിക്കയെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ് ഉൾപ്പെടെ പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങളും ‘എപ്സ്റ്റീൻ ഫയൽസ്’ തുടങ്ങിയ വാചകങ്ങളും ആലേഖനം ചെയ്ത ടി-ഷർട്ടുകൾ ധരിച്ചാണ് പ്രതിഷേധക്കാർ എത്തിയത്.
യൂത്ത് കോൺഗ്രസിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ബിജെപിയും കേന്ദ്ര സർക്കാരും വിമർശിച്ചത്. ഇന്ത്യയുടെ വളർച്ചയിലുള്ള അസൂയ മൂലമാണ് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എ.ഐ എന്നാൽ ‘ആന്റി-ഇന്ത്യ’ എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. ഭാരതം ലോകത്തിലെ സാങ്കേതിക ശക്തികേന്ദ്രമായി മാറുന്ന ഘട്ടത്തിൽ രാജ്യത്തെ നാണംകെടുത്താനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് എക്സിൽ കുറിച്ചു. പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി നീക്കം ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.



