18.4 C
Saudi Arabia
Sunday, February 22, 2026
spot_img

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യത്തിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയിലേക്ക്

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിക്കുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കെ, അവ കൃത്യമായി പരിശോധിക്കാതെയാണ് കീഴ്‌കോടതി ജാമ്യം നൽകിയതെന്നാണ് എസ്.ഐ.ടിയുടെ വാദം. 40 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന കോടതി നിരീക്ഷണം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ നിലപാടെടുത്തതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റ് എന്ന് കണ്ഠരര് രാജീവര് ആരോപിച്ചെങ്കിലും, കേസിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

അതിനിടെ, കേസിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്തെത്തി. ജാമ്യം ലഭിച്ച കണ്ഠരര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനും മാർച്ച് ആദ്യവാരം ഹാജരാകാൻ നിർദ്ദേശിച്ച് ഇ.ഡി സമൻസ് അയച്ചു. സ്വർണ്ണക്കൊള്ള കേസിൽ എസ്.ഐ.ടിയുടെ പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം.

ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ സർക്കാർ ഗൂഢാലോചനയില്ലെന്നും, സർക്കാരിന് ഇടപെടാൻ കഴിയുമായിരുന്നെങ്കിൽ പത്മകുമാറിനെപ്പോലെയുള്ളവർ അറസ്റ്റിലാകുമായിരുന്നോ എന്നും മന്ത്രി പി. രാജീവ് ചോദിച്ചു. രാഷ്ട്രീയ ആരോപണങ്ങളും കേന്ദ്ര ഏജൻസിയുടെ ഇടപെടലും കേസിനെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles