മദീന: പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഷെയ്ഖ് സാലിഹ് ബിൻ അവാദ് അൽ മഗാമിസിയെ മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമായി നിയമിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. 1963-ൽ മദീനയിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ ഇസ്‌ലാമിക വിജ്ഞാന ശാഖകളിൽ അവഗാഹം നേടിയ പണ്ഡിതനാണ്. വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിൽ (തഫ്സീർ) സവിശേഷ നൈപുണ്യമുള്ള ഷെയ്ഖ് മഗാമിസി, ചരിത്രപ്രസിദ്ധമായ മസ്ജിദ് ഖുബയിലെ ഇമാമായും ഖത്തീബായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖുർആനിക സൂക്തങ്ങളെ ആധുനിക വിഷയങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ലളിതവും ഗഹനവുമായ ശൈലി ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ അദ്ദേഹത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു.
മിതവാദപരമായ നിലപാടുകൾക്കും സന്തുലിതമായ കാഴ്ചപ്പാടുകൾക്കും പേരുകേട്ട അദ്ദേഹം നിരവധി മതപരമായ പരിപാടികൾക്കും പ്രഭാഷണങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. പ്രവാചക ചരിത്രവും ഇസ്‌ലാമിക മൂല്യങ്ങളും ലളിതമായ രീതിയിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയനാണ്. ആഭ്യന്തരമായും അന്തർദ്ദേശീയമായും നിരവധി സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുത്തിട്ടുള്ള അദ്ദേഹം പുതിയ ചുമതലയേൽക്കുന്നത് പ്രവാചക നഗരിയിലെ വിശ്വാസികൾ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.



