ടെഹ്‌റാൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നീക്കത്തിന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ച് സെർബിയയും സ്വീഡനും. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇറാനിലുള്ള സെർബിയൻ പൗരന്മാർ എത്രയും വേഗം അവിടെ നിന്ന് മടങ്ങണമെന്നും അവിടേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും സെർബിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാനമായ രീതിയിൽ സ്വീഡിഷ് വിദേശകാര്യ മന്ത്രി മരിയ മാൽമർ സ്റ്റെനെർഗാർഡും തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ ശക്തമായ അഭ്യർത്ഥന നടത്തി.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ പരിമിതമായ തോതിലുള്ള സൈനിക ആക്രമണം പരിഗണനയിലാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുഎസ് വൻതോതിലുള്ള സൈനിക വിന്യാസമാണ് നടത്തുന്നത്. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം സംബന്ധിച്ച ട്രംപിന്റെ കർശനമായ മുന്നറിയിപ്പുകൾക്ക് പിന്നാലെ മേഖലയിൽ യുദ്ധഭീതി വർധിച്ചിരിക്കുകയാണ്. നേരത്തെ അമേരിക്കയും തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടിരുന്നു. നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് കൂടുതൽ രാജ്യങ്ങൾ വരും ദിവസങ്ങളിൽ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



