21.8 C
Saudi Arabia
Wednesday, February 25, 2026
spot_img

സീസണൽ ജോലിക്കാർക്ക് ‘അജീർ’ പ്ലാറ്റ്‌ഫോം നിർബന്ധമാക്കി സൗദി വിനോദസഞ്ചാര മന്ത്രാലയം

റിയാദ്: വിശുദ്ധ റമദാൻ, ഹജ്ജ് സീസണുകളിലെ തിരക്ക് പരിഗണിച്ച് താൽക്കാലികവും സീസണൽ സ്വഭാവമുള്ളതുമായ ജോലിക്കാരെ നിയമിക്കുന്നതിന് ‘അജീർ’  പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്ന് വിനോദസഞ്ചാര മന്ത്രാലയം സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഈ പ്ലാറ്റ്‌ഫോം വഴി മാത്രമേ താൽക്കാലിക നിയമനങ്ങൾ നടത്താവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കരാറുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ നടപടി. തീർഥാടകർക്കും സന്ദർശകർക്കും മികച്ച അനുഭവം നൽകുന്നതിനായി മക്കയിലെയും മദീനയിലെയും താമസസൗകര്യങ്ങളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മതിയായ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.

അജീർ പ്ലാറ്റ്‌ഫോം വഴി നിയമനം നടത്തുന്നത് തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നിയമപരമായ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്ലാറ്റ്‌ഫോമിന് പുറത്തുള്ള താൽക്കാലിക കരാറുകൾ അംഗീകരിക്കില്ലെന്നും നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലന്വേഷകർക്ക് ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് ലഭ്യമായ അവസരങ്ങൾ പരിശോധിക്കാവുന്നതാണ്. റമദാൻ, ഹജ്ജ് സീസണുകളിൽ മക്കയിലും മദീനയിലും അനുഭവപ്പെടുന്ന വൻ തിരക്ക് സുഗമമായി കൈകാര്യം ചെയ്യുന്നതിനും തീർത്ഥാടകർക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി മതിയായ വർക്ക്ഫോഴ്സ് ശേഷി വികസിപ്പിക്കാൻ ടൂറിസം സ്ഥാപനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles