21.8 C
Saudi Arabia
Wednesday, February 25, 2026
spot_img

താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ച; മൂന്ന് ഉംറ കമ്പനികളെ സസ്‌പെൻഡ് ചെയ്ത് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക: തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ട മൂന്ന് ഉംറ സർവീസ് കമ്പനികളെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സസ്‌പെൻഡ് ചെയ്തു. അംഗീകൃത കരാറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള താമസസൗകര്യങ്ങൾ നൽകാതെ തീർഥാടകരെ ബുദ്ധിമുട്ടിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ കർശന നടപടി. ഈ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഏജന്റുകൾക്കെതിരെയും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

കൃത്യമായ താമസസൗകര്യങ്ങൾ ഉറപ്പാക്കാതെ പല തീർഥാടകരും രാജ്യത്തെത്തുന്നത് ഉംറ നിയമങ്ങളുടെയും പ്രവാചക പള്ളി സന്ദർശകർക്കുള്ള നിർദ്ദേശങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തിയ കമ്പനികൾ വഴി കബളിപ്പിക്കപ്പെട്ട എല്ലാ തീർഥാടകർക്കും അടിയന്തരമായി താമസസൗകര്യം ഒരുക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി. തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുമാണ് ഈ നടപടികൾ. കരാർ ലംഘനങ്ങളോ സേവനങ്ങളിലെ അനാസ്ഥയോ യാതൊരു കാരണവശാലും സഹിക്കില്ലെന്നും തീർഥാടകരുടെ സുരക്ഷക്കും സംതൃപ്തിക്കുമാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ ഉംറ കമ്പനികളും നിയമങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും തങ്ങളുടെ കരാർ ബാധ്യതകൾ നിറവേറ്റണമെന്നും മന്ത്രാലയം ആവർത്തിച്ചു.

Related Articles

- Advertisement -spot_img

Latest Articles