ടെഹ്‌റാൻ/ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇയുടെ വധത്തിന് പ്രതികാരമായും ലബനന്റെ പ്രതിരോധത്തിനായും ഹിസ്ബുല്ല ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചു. ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിന് നേരെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ്-ഡ്രോൺ ആക്രമണത്തിന് പിന്നാലെ ലബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ അതിശക്തമായ ബോംബാക്രമണം നടത്തി. തെക്കൻ ബെയ്‌റൂത്ത്, ബെക്കാ വാലി, തെക്കൻ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ മിസൈൽ വർഷിച്ചു. ഹിസ്ബുല്ലയെ പൂർണ്ണമായും തകർക്കുമെന്നും വടക്കൻ ഇസ്രായേലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു.
അതേസമയം, ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചതിനെത്തുടർന്ന് യുഎഇയിൽ കനത്ത സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. രാജ്യത്തെ ഓഹരി വിപണികളായ അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച്, ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് എന്നിവ രണ്ട് ദിവസത്തേക്ക് (മാർച്ച് 2, 3 തീയതികളിൽ) അടച്ചിടാൻ യുഎഇ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഉത്തരവിട്ടു. നിക്ഷേപകരുടെ സുരക്ഷയും വിപണിയുടെ സ്ഥിരതയും ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടി. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം സാമ്പത്തിക മേഖലയെയും വിമാന സർവീസുകളെയും ബാധിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.



