ദോഹ/ദുബൈ: ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം. ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാട്രിയറ്റ് മിസൈൽ വിന്യാസം നടത്തിയതിന്റെ ഭാഗമായാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇതിന് പിന്നാലെ കുവൈത്ത് സിറ്റിയിലും ദുബായിലും അപായ സൈറണുകൾ മുഴങ്ങിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് സൈറണുകൾ പ്രവർത്തിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
മേഖലയിലെ പ്രമുഖ നഗരങ്ങളെല്ലാം ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടാകുമെന്ന ഭീതിയെത്തുടർന്ന് ജിസിസി രാജ്യങ്ങൾ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. വിമാനത്താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇറാൻ പരമോന്നത നേതാവിന്റെ വിയോഗത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിദേശികൾ ഉൾപ്പെടെയുള്ള താമസക്കാർ ജാഗ്രത പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ നിർദ്ദേശം നൽകി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക ഭരണകൂടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.



