ടെഹ്‌റാൻ: ഇറാനെതിരായ ഇസ്രായേൽ സൈനിക നടപടിയുടെ ആദ്യ ദിനത്തിൽ തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തിൽ 180 വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. ഇറാൻ ആരോഗ്യ മന്ത്രാലയമാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. ശനിയാഴ്ച രാവിലെ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെയാണ് സ്കൂളിന് നേരെ മിസൈൽ പതിച്ചത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (IRGC) ബാരക്കിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന സ്കൂൾ കെട്ടിടം ആക്രമണത്തിൽ പൂർണ്ണമായും തകർന്നു. സ്കൂൾ അവശിഷ്ടങ്ങൾ തെരുവിലുടനീളം ചിതറിക്കിടക്കുന്ന ഭയാനകമായ ദൃശ്യങ്ങളാണ് മിനാബിൽ നിന്നും പുറത്തുവരുന്നത്.
ആക്രമണം തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇറാനിൽ ആകെ മരണം 550 കവിഞ്ഞതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നത് സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. പരിക്കേറ്റ നൂറുകണക്കിന് ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വരും മണിക്കൂറുകളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.



