വിയന്ന: ഇറാന്റെ നതാൻസ് ആണവനിലയം അമേരിക്കൻ സൈന്യം ആക്രമിച്ചതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിയന്നയിൽ ചേർന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) യോഗത്തിലാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായ വിവരം ഇറാൻ അംബാസഡർ റെസ നജാഫി വെളിപ്പെടുത്തിയത്. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയത്തെ ലക്ഷ്യം വെച്ചുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്ലാന്റിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി ഇറാൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതീവ ഗൗരവകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
ആക്രമണത്തെത്തുടർന്ന് ആണവ ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം അതീവ ആശങ്കാജനകമാണെന്നും ആണവ വികിരണ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വികിരണമുണ്ടായാൽ ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടി വരുന്നതുൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരായ ഈ സൈനിക നീക്കത്തോട് അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം ആണവ ദുരന്തത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.



