കൊല്ലം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവ് വിധിച്ചു. ആലപ്പാട് സ്വദേശി നിഥിനെയാണ് (28) കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമെ 1.10 ലക്ഷം രൂപ പിഴയും ജഡ്ജി രാജീവൻ വാച്ചൽ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കണം. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് കുട്ടിയുടെ മാനസികനില തെറ്റുകയും ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു. കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന സുജാതൻ പിള്ള രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി. ബിജുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.



