ബംഗളൂരു: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖംനയിയുടെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖംനയി കൊല്ലപ്പെട്ടതിനെ അദ്ദേഹം അപലപിച്ചു.
സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും എന്നാൽ പ്രായോഗികമായി യുദ്ധത്തിന്റെ പാത തിരഞ്ഞെടുക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം സമാധാന മന്ത്രം ഉരുവിടുന്നതിനിടയിലും അനാവശ്യമായ യുദ്ധങ്ങളിലേക്ക് ലോകത്തെ തള്ളിവിടുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഖംനയിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇറാന് മേൽ അമേരിക്ക നടത്തിയ ആക്രമണം അനാവശ്യവും അങ്ങേയറ്റം ആശങ്കാജനകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന കർണാടക സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കുടുങ്ങിയവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



