ആലപ്പുഴ: മാന്നാറിൽ രണ്ട് പെൺമക്കൾക്ക് വിഷം നൽകിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ ശിവശൈലം വെള്ളികിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. പിതാവ് വിഷം നൽകിയ ആറാം ക്ലാസ് വിദ്യാർഥിനി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർഥിനി ശിവകീർത്തന എന്നിവർ നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്കൂളിൽ നിന്നും മക്കളെ കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ് മനോജ് ക്രൂരമായ ഈ കൃത്യം ചെയ്തത്. കുട്ടികൾക്ക് നൽകിയ ജ്യൂസിൽ വിഷം കലർത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവത്തിന് ശേഷം മനോജിനെയും മക്കളെയും സഞ്ചരിച്ചിരുന്ന കാറിൽ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണോ അതോ മറ്റ് സാമ്പത്തിക ബാധ്യതകളാണോ ഇത്തരമൊരു കടുംകൈ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നാടിനെയാകെ നടുക്കിയ സംഭവത്തിന്റെ ആഘാതത്തിലാണ് മാന്നാർ പ്രദേശം



