21.9 C
Saudi Arabia
Monday, March 9, 2026
spot_img

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഉടൻ പ്രഖ്യാപിക്കും; പിൻഗാമിയെയും വധിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

ടെഹ്‌റാൻ/ജെറുസലേം: പശ്ചിമേഷ്യൻ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ ഇറാനിൽ അവസാന ഘട്ടത്തിലെത്തി. ഇറാന്റെ പവർഫുൾ ബോഡിയായ ‘അസംബ്ലി ഓഫ് എക്സ്പെർട്ട്സ്’ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി അടിയന്തര യോഗങ്ങൾ ചേരുന്നതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്തരിച്ച ഖമേനിയുടെ മകൻ മോജ്താബ ഖമേനിയാണ് ഈ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻപന്തിയിലുള്ളത്. എന്നാൽ, ഇറാന്റെ പുതിയ നേതാവ് ആരായാലും അവരെ തങ്ങളുടെ സൈന്യം വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പരസ്യമായി പ്രഖ്യാപിച്ചു. ഏത് രഹസ്യ സങ്കേതത്തിൽ ഒളിച്ചാലും പുതിയ നേതാവിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശനിയാഴ്ച രാത്രി വൈകിയും ഞായറാഴ്ച പുലർച്ചെയുമായി ടെഹ്‌റാനിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാന എണ്ണ സംഭരണ ശാലകൾക്ക് നേരെ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിലെ പ്രധാന റിഫൈനറികൾക്ക് സമീപമുള്ള ഡിപ്പോകളിൽ സ്ഫോടനത്തെത്തുടർന്ന് വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഇറാന്റെ ഇന്ധന വിതരണ ശൃംഖലയെ തകർക്കുന്നതിലൂടെ രാജ്യത്തെ സൈനിക നീക്കങ്ങളെ സ്തംഭിപ്പിക്കുകയാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം. ഇസ്രായേൽ സൈനിക നടപടികൾ ഊർജ്ജിതമാക്കിയതോടെ ടെഹ്‌റാൻ്റെ ആകാശം അഗ്നിനാളങ്ങളാലും കറുത്ത പുകയാലും മൂടപ്പെട്ടു.

യുദ്ധം ഇറാൻ്റെ അതിർത്തികൾ കടന്ന് അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇറാന്റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ പുതിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെയും കുവൈറ്റിലെയും സൗദിയിലെയും വിവിധ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായതായി വിവരമുണ്ട്. തങ്ങളുടെ മണ്ണിൽ നിന്ന് ആക്രമണം ഉണ്ടാകാത്തിടത്തോളം കാലം അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇറാൻ്റെ കടുത്ത നിലപാടുകാരായ സൈനിക വിഭാഗം ഈ പ്രഖ്യാപനം ലംഘിക്കുന്നതായാണ് സൂചന. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യം വെച്ച് ഇറാൻ പുതിയ ആക്രമണ പരമ്പരകൾ ആരംഭിച്ചത് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്

 

Related Articles

- Advertisement -spot_img

Latest Articles